Monday, December 24, 2018

ക്രിസ്തീയ സ്വഭാവരൂപീകരണം

ക്രിസ്തീയ സ്വഭാവരൂപീകരണം
2പത്രോസ്1:4-8
 അവയാല്‍ അവന്‍ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്‍കിയിരിക്കുന്നു.ഇവയാല്‍ നിങ്ങള്‍ ലോകത്തില്‍ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്ത്തിനു കൂട്ടാളികളായിത്തീരുവാന്‍ ഇടവരുന്നു.അതുനിമിത്തം തന്നെ നിങ്ങള്‍ സകല ഉത്സാഹവും കഴിച്ചു,നിങ്ങളുടെ വിശ്വാസത്തോടു വീര്യവും വീര്യത്ത്തോട് പരിഞ്ജാനവും പരിഞ്ജാനത്തോടു ഇന്ദ്രിയജയവും ഇന്ദ്രിയജയത്തോടു സ്ഥിരതയും സ്ഥിരതയോടു ഭക്തിയും ഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്നേഹവും കൂട്ടിക്കൊള്‍വീന്‍.ഇവ നിങ്ങള്‍ക്കുണ്ടായി വര്‍ധിക്കുന്നു എങ്കില്‍ നിങ്ങള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പരിഞ്ജാനം സംബന്ധിച്ചു ഉല്‍‍സാഹമില്ലത്തവരും നിഷ്ഫലന്മാരും ആയിരിക്കയില്ല.
സ്വഭാവ രൂപീകരണം ദിവ്യ സ്വഭാവത്തിന്‍റെ ഉടമയാക്കുന്നു.എന്‍റെ ഈ സ്വഭാവത്തിലാണ് കർത്താവ് പ്രസാദിക്കുന്നത്.ഈ സ്വഭാവം ദൈവകൃപയില്‍ ആശ്രയിച്ചേ നമുക്കു നേടാൻ കഴിയൂ.സ്വന്തം കഴിവുമൂലം നേടാൻ സാധിക്കില്ല.പക്ഷേ അതിനുള്ള മനസാണ് നമുക്കുണ്ടാകേണ്ടത്.
സഭയ്ക്കുള്ളിലെ പ്രശ്നങ്ങളെക്കുറിച്ചാണ് പത്രോസ് രണ്ടാം ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നത്.അപ്പോൾ വിശ്വാസികളിലാണ് ഈ ദിവ്യ സ്വഭാവം ഉണ്ടാകേണ്ടത് എന്നതിനു സംശയമില്ലല്ലോ.ഒരുവന്‍ വീണ്ടും ജനിച്ചാല്‍ അവന്‍ ആത്മീയ ശിശുവാണ്.ആത്മീയമായി വളരേണ്ടതും ആവശ്യമാണ്‌.ഒരു ശിശു ജനിച്ചാല്‍ അതിന്‍റെ വളര്‍ച്ച ഏതൊരു മാതപിതാക്കള്‍ക്കും സന്തോഷം പകരുന്ന കാര്യമാണ്.ശിശുവിന്‍റെ ശാരീരിക മാനസീക വളര്‍ച്ചക്ക് ആവശ്യമായതെല്ലാം നല്‍കുന്നു.എന്നാല്‍ വളരുന്നില്ലെങ്കിലോ വളരെ മാനസീക വിഷമം അനുഭവിക്കും.ഇതുപോലെ വീണ്ടും ജനിച്ച വനും ആത്മീയമായി വളരേണം എന്ന് വചനം പറയുന്നു.
1പത്രോസ്2‍‍‌‌‌‌‌‌‌:2,3
ഇപ്പോള്‍ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാന്‍ വചനമെന്ന മായമില്ലാത്ത പാല്‍ കുടിപ്പാന്‍ വാഞ്ചിപ്പീന്‍.

ഒരു  ശിശുവിന്‍റെ വളര്‍ച്ചയ്ക്ക് പാല്‍ ആവശ്യമായിരിക്കുന്നതുപോലെ ആത്മീയ ശിശുവിന് വചനമെന്ന പാല്‍ ആവശ്യമാണ്‌ എന്നാണിവിടെ പറഞ്ഞിരിക്കുന്നത്.വചനം വായിച്ചു ആത്മീയമായി വളരുവാന്‍ ആവശ്യമായതെല്ലാം ആര്‍ജിക്കണം എന്നാണര്‍ത്ഥം.ആത്മീയമായി വളരുവാന്‍ വേണ്ടുന്നതെല്ലാം സര്‍വശക്തനായ ദൈവം തന്നിരിക്കുന്നു എന്ന്2പത്രോസ്1:3ല്‍‍(തന്‍റെ മഹത്വതാലും വീര്യത്താലും നമ്മെ വിളിച്ചവന്‍റെ പരിഞ്ജാനത്താല്‍ അവന്‍റെ ദിവ്യശക്തി ജീവനും ഭക്തിക്കും വേണ്ടിയതൊക്കേയും ദാനം ചെയ്തിരിക്കുന്നുവല്ലോ.) വായിക്കുന്നു. 
അതു നാം പ്രാപിക്കേണ്ടതാവശ്യമാണ്.നമുക്കായി രക്ഷയും ആത്മീയ അനുഗ്രഹങ്ങളും ദാനം നല്‍കിയിരിക്കയാണ്.നമ്മുടെ ഭാഗത്തുനിന്നും അതിനായിട്ടുള്ള ഒരുക്കവും ആഗ്രഹവുമാണ് വേണ്ടത്.കര്‍ത്താവ്‌ തന്‍റെ  ഐഹീകജീവിതകാലത്ത് രോഗികള്‍ക്ക് സൌഖ്യവും  മരിച്ചവര്‍ക്ക് ഉയിര്‍പ്പും  അവരുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് ലഭിച്ചത്.കാനാവിലെ കല്യാണത്തിനു വെള്ളം വീഞ്ഞാകേണ്ടതിനും ഒരുക്കം ആവശ്യമായിരുന്നു. നിങ്ങള്‍   കല്‍പ്പാത്രത്തില്‍  വെള്ളം നിറയ്‌ക്കുവീന്‍  എന്ന്  ഭ്ര്ത്യന്മാരോട് കല്‍പ്പിച്ചു.നിറയ്ക്കേണ്ടത്  നമ്മുടെ ഉത്തരവാദിത്വമാണ്.എങ്കില്‍  മാത്രമെ കര്‍ത്താവിനു പ്രവൃത്തിക്കാന്‍ സാധിക്കൂ. തന്നിഷ്ടത്തിനു ജീവിക്കുന്ന പുത്രനെ ഓര്‍ത്തു പിതാവ്  ദുഃഖിക്കുന്നതുപോലെ, നാമും വചനം വായിക്കാതെ,ധ്യാനിക്കാതെ, പ്രാര്‍ത്ഥിക്കാതെ  സ്വന്തം ഇഷ്ടത്തിനു ജീവിച്ചാല്‍ നമ്മുടെ സ്വര്‍ഗസ്ഥനായ പിതാവും   ദുഃഖിക്കുന്നു.എന്താണ് കര്‍ത്താവ് തന്നെ പരീക്ഷിച്ച സാത്താനോട് പറഞ്ഞത്?
മത്തായി 4:4
മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല,ദൈവത്തിന്‍റെ വായില്‍ക്കൂടി വരുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു എന്ന് എഴുതിയിരിക്കുന്നു ഉത്തരം പറഞ്ഞു.

കര്‍ത്താവ് നമ്മെക്കുറിച്ചും ഇതാഗ്രഹിക്കുന്നു.നമ്മുടെ ശാരീരിക വളര്‍ച്ചക്കായി നാം എത്രമാത്രം ഉൽസാഹികളായിരിക്കുന്നു.ആവശ്യമായ ഭക്ഷണം, രോഗത്തിനു തക്ക ചികിത്സ ഇതൊക്കെ നല്‍കാന്‍ നാം വളരെ ശ്രദ്ധാലുക്കളാണ്. നമ്മുടെ  ഭൗതീക ആവശ്യങ്ങൾക്ക് നൽകുന്ന പ്രാധാന്യവും പരിഗണനയും ആത്മീയകാര്യങ്ങൾക്ക് നൽകാറുണ്ടോ?
ഒരു ആത്മീയ ശിശു വളർന്ന് ദിവ്യസ്വഭാവങ്ങൾക്ക് ഉടമയാകുവാൻ വിശ്വാസത്തോടു  ചേർക്കേണ്ട  സദാചാരധർമങ്ങൾ പത്രോസ് ഇവിടെ വിവരിക്കുന്നു.ക്രിസ്തീയ വളർച്ചയെ നമുക്ക് മുകളിലേക്കു പോകുന്ന പടവുകളോടൊന്നു ചിത്രീകരിച്ചാലോ?
വാ.5ൽ പത്രോസ് ഒരു പ്രധാനകാര്യം പറയുന്നുണ്ട്.സകല ഉൽസാഹവും കഴിക്കണം എന്ന്.പരിപൂർണ ഉൽസാഹം ഉണ്ടാകണം.ഉൽസാഹപരിപൂർണത ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ ഈ പടികൾ ഓരോന്നായി  നമുക്കൊന്നു കയറാം.


സ്നേഹം


സഹോദരപ്രീതി


ഭക്തി



സ്ഥിരത


ഇന്ദ്രിയജയം


പരിഞ്ജാനം


വീര്യം

വിശ്വാസം
















ഈ സ്വഭാവങ്ങൾ ഏറ്റവും അധികം വിളങ്ങിയ വിശുദ്ധന്മാർ ആരൊക്കെയെന്നു നോക്കാം


വിശ്വാസം                        ---         അബ്രഹാം
വീര്യം                                ---         ദാവീദ്
പരിഞ്ജാനം                   ---         ശലോമോൻ
ഇന്ദ്രിയജയം                    ---         യോസേഫ്
സ്ഥിരത                              ---         പൗലോസ്
ഭക്തി                                   ---         ഇയ്യോബ്
സഹോദരപ്രീതി            ---        യോനാഥാൻ



വാ.8ൽ ഈ സ്വഭാവം നമ്മിൽ ഉണ്ടായാൽ മാത്രം പോരാ വർദ്ധിക്കുകയും വേണം എന്നാണു പത്രോസ് പറയുന്നത്.വർദ്ധിച്ചെങ്കിൽ മാത്രമേ നിറയൂ.നിറഞ്ഞെങ്കിൽ മാത്രമേ കവിയൂ.കവിഞ്ഞെങ്കിൽ മാത്രമേ മറ്റുള്ളവരിലേക്കും ക്രിസ്തുവിൻ സ്നേഹം പകരാൻ കഴിയൂ. ഇതുമൂലം നമ്മിലുണ്ടാകുന്ന ദൃശ്യപ്രഭാവങ്ങൾ എന്തൊക്കെ?
1.   കർത്തവായ യേശുക്രിസ്തുവിൻ്റെ  പരിഞ്ജാനം സംബന്ധിച്ച് നമുക്ക് ഉൽസാഹം         
      വർദ്ധിക്കും.
2.   കർത്താവിനായി വളരെ ഫലം കായ്ക്കുന്നവരായിത്തീരും. 








Thursday, June 14, 2018

വിശ്വാസിയേ നിന്‍റെ  ബൈബിൾ എവിടെ?
                      ഇന്ന് ഈ  ചോദ്യം ഓരോ വിശ്വാസിയോടും ചോദിക്കേണ്ട കാലഘട്ടം ആയിരിക്കുന്നു. കാരണം അത്രമാത്രം ബൈബിള്‍ വായന ഇന്ന്‍ വിശ്വാസിയുടെ ജീവിതത്തില്‍ നിന്ന്‍ അകന്നു പോയിരിക്കുന്നു.
                 2രാജാക്കന്മാര്‍ 22,23 അധ്യായങ്ങള്‍ ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.ഈ 2 അധ്യായങ്ങള്‍ മുഴുവന്‍ ഇവിടെ എഴുതുക അസാധ്യമാണ്.എന്നാല്‍ ചില പ്രസക്തഭാഗങ്ങള്‍ വഴിയെ എഴുതാം.പഴയനിയമ കാലഘട്ടത്തിലെ യിസ്രായേല്‍ ചരിത്രത്തില്‍ വിവിധ രാജവാഴ്ച്ചകളിലൂടെ കടന്നുപോയ ഇസ്രായേല്‍ ദൈവത്തില്‍നിന്നു വളരെയധികം അകന്നു പോയിരുന്നു.എന്നാല്‍ ഇടയ്ക്കിടയ്ക്ക് ചില ആത്മീയ നേതൃത്വങ്ങള്‍ ഉണ്ടാകുകയും യിസ്രായേലില്‍ ഒരു തിരിച്ചുവരവ്‌ കാണുകയും ചെയ്തു.പക്ഷെ വളരെ പെട്ടെന്ന് തന്നെ വീണ്ടും വിഗ്രഹാരാധനയിലേക്ക് തിരിയുകയും ചെയ്തു.
എന്നാല്‍ യോശീയാവ് (ആമോന്‍റെ മകന്‍)2രാജ.21:25,26ആമോന്‍ ചെയ്ത മറ്റുള്ള വൃത്താന്തങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.ഉസ്സയുടെ തോട്ടത്തിലെ അവന്‍റെ കല്ലറയില്‍ അവനെ അടക്കം ചെയ്തു.അവന്‍റെ മകനായ യോശീയാവ് അവന്നുപകരം രാജാവായി   എന്നൊരു യെഹൂദാരാജാവിന്‍റെ ഭരണകാലഘട്ടം ഒരു ആത്മീയ നവീകരണകാലം തന്നെ ആയിരുന്നു.വിഗ്രഹാരാധനയ്ക്കെതിരെ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കയും ജനങ്ങളെ ദൈവത്തിങ്കലേക്കു തിരിയുവാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.എട്ടു വയസ്സുള്ളപ്പോള്‍ ആണ് രാജാവായത് എന്നതും ഇരുപത്തിയാറ് വയസ്സുള്ളപ്പോളാണ് ദൈവാലയത്തിന്‍റെ ശുദ്ധീകരണവും,നവീകരണവും ആരംഭിച്ചത് എന്നതും അതിനായിട്ടുള്ള തന്‍റെ ധീരമായ ഓരോ ചുവടു വയ്പ്പുകളും നമ്മെ അതിശയിപ്പിക്കുന്നതാണ്.ഇത്തരം ആത്മീയ ധീരരായ,വീരരായ  ആത്മീയ യുവതീ യുവാക്കള്‍ നമ്മുടെ ഇടയില്‍ എഴുനേല്‍ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
2രാജ.22:1,3 
  1.യോശീയാവു വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു എട്ടു വയസ്സായിരുന്നു.........3.യോശീയാരാജാവിന്‍റെ പതിനെട്ടാം ആണ്ടില്‍ രാജാവു മെശുല്ലാമിന്‍റെ മകനായ അസല്ല്യാവിന്‍റെ മകനായ ശാഫാന്‍ എന്ന രായസക്കാരനെ യാഹോവയുടെ ആലയത്തിലേക്കു അയച്ചു പറഞ്ഞതെന്തെന്നാല്‍: 
ഈ പ്രവര്‍ത്തനത്തിന്‍റെ ഫലമായിട്ടാണ് ജനങ്ങള്‍ മറന്നുകളഞ്ഞ ന്യായപ്രമാണപുസ്തകം കണ്ടെടുക്കാന്‍ ഇടയായത്.
 2രാജാ.22:8,10,11
8.മഹാപുരിഹിതനായ ഹില്ക്കീയാവു രായസക്കാരനായ ശഫാനോട്:ഞാന്‍ ന്യായപ്രമാണ  പുസ്തകം യാഹോവുടെ ആലയത്തില്‍ കണ്ടെത്തിയിരിക്കുന്നു എന്ന് പറഞ്ഞു.ഹില്ക്കീയാവു ആ പുസ്തകം ശാഫാന്‍റെ  കൈയില്‍ കൊടുത്തു;അവന്‍ അത് വായിച്ചു.10.ഹില്ക്കീയ പുരോഹിതന്‍ എന്‍റെ കൈയില്‍ ഒരു പുസ്തകം തന്നു എന്നും രായസക്കാരനായ ശാഫാന്‍ രാജാവിനോടു ബോധിപ്പിച്ചു.ശാഫാന്‍ അതു രാജസന്നിധിയില്‍ വായിച്ചു കേള്‍പ്പിച്ചു. 11.രാജാവു ന്യായപ്രമാണ  പുസ്തകത്തിലെ വാക്യങ്ങള്‍ കേട്ടിട്ടു വസ്ത്രം കീറി.
(വസ്ത്രം കീറുന്നത് തന്നെത്താന്‍ താഴ്തുന്നതിന്‍റെയും ദുഃഖത്തിന്‍റെയും  പ്രതീകമായിട്ടാണ് ചെയ്യുന്നത്)പുരോഹിതന്‍ പുസ്തകം കണ്ടെടുത്തു ,സെക്രട്ടറി വായിച്ചു,രാജാവിനെ വായിച്ചു  കേള്‍പ്പിച്ചു,രാജാവ് തന്നെത്തന്നെ ദൈവസന്നിധിയില്‍ താഴ്ത്തി സമര്‍പ്പിച്ചു.മാത്രമല്ല രാജാവു ഒരു വിശുദ്ധ സഭായോഗം വിളിച്ചുകൂട്ടി ജനങ്ങളെ മുഴുവനും പുസ്തകം വായിച്ചു കേള്‍പ്പിച്ചു.
 2രാജാ.23:1,2,3
അനന്തരം രാജാവു ആളയച്ചു;അവര്‍ യെഹൂദയിലും യെരുശലേമിലുമുള്ള എല്ലാ മൂപ്പന്മാരെയും അവന്‍റെ അടുക്കല്‍ കൂട്ടിവരുത്തി.രാജാവും എല്ലാ യെഹൂദാപുരുഷന്മാരും യെരുശലേമിലെ  സകലനിവാസികളും പുരോഹിതന്മാരും പ്രവാചകന്മാരും  ആബാലവൃദ്ധം ജനമൊക്കേയും  യഹോവയുടെ ആലയത്തിലേക്കു ചെന്നു;യഹോവയുടെ  ആലയത്തില്‍വെച്ചു  കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ  വാക്യങ്ങളെയെല്ലാം അവര്‍ കേള്‍ക്കെ അവന്‍ വായിച്ചു.
രക്ഷിക്കപ്പെട്ട ഓരോ വിശ്വാസിയും ദൈവത്തിന്‍റെ  രാജാവും, പുരോഹിതനും, സെക്രെട്ടറിയും ആണല്ലോ.എങ്കില്‍ നാം എപ്രകാരം ആയിരിക്കണം എന്ന് മനസിലായല്ലോ.  പിന്നീട് താന്‍ തന്നെ  ഈ പ്രമാണങ്ങളൊക്കെ അനുസരിക്കുമെന്നു ദൈവമുമ്പാകെ ഉടമ്പടി ചെയ്തു.ജനവും ഇതുപോലെ ഉടമ്പടി ചെയ്തു.
2രാജാ.23:3
രാജാവു തൂണിന്നരികെ നിന്നുംകൊണ്ടു താന്‍ യെഹോവയെ അനുസരിച്ചുനടക്കയും  അവന്‍റെ കല്‍പ്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടെ പ്രമാണിക്കയും ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന നിയമത്തിന്‍റെ വാക്യങ്ങള്‍ നിവര്‍ത്തിക്കയും ചെയ്യുമെന്ന് യെഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു.ജനമൊക്കെയും  ഈ നിയമത്തില്‍ യോജിച്ചു.
ഇപ്രകാരം മാതൃകയുള്ള  സഭാനേതാക്കന്മാരാണ് ഇന്നുണ്ടാകേണ്ടത്.എങ്കിലെ ദൈവജനങ്ങള്‍ യഥാസ്ഥാനപ്പെടൂ.ഇന്ന് ചില വിശ്വാസികള്‍ക്ക് ബൈബിള്‍ വായിക്കാനാണ്  സമയം കിട്ടാത്തത്.മറ്റെല്ലാ കാര്യങ്ങള്‍ക്കും സമയമുണ്ട്.ഒന്നും  മാറ്റിവയ്ക്കത്തുമില്ല.ദൈവം നമുക്കു തന്നിട്ടുള്ള പ്രധാന 2 ഉപാധികളാണ് സമയവും,പണവും.ഇവ ദൈവനാമമഹത്വതിനായി ഉപയോഗിക്കുന്നതില്‍ എത്രമാത്രം വിശ്വസ്തത പുലര്‍ത്തുന്നുണ്ട് എന്നുള്ളത് അവന്‍റെ മുമ്പാകെ നാം തീര്‍ച്ചയായും കണക്കു കൊടുക്കണം.സമയത്തെ നിങ്ങള്‍ വചന വായന, ധ്യാനം, പ്രാര്‍ത്ഥന,കുടുംബപ്രാര്‍ത്ഥന ഇവയ്ക്കായി എത്രമാത്രം നീക്കി വെച്ചിട്ടുണ്ട്?.ഇന്ന്‍ ബൈബിള്‍ വായന പാഴ്പ്രവൃത്തിയായും പുച്ഛത്തോടും,  പരിഹാസത്തോടും  കാണുകയും ചെയ്യുന്നു.ഫെയ്സ്ബുക്കില്‍ ലൈക്കടിക്കാനും,വാട്സാപ്പില്‍ മെസ്സേജ്,വീഡിയോ ഇടാനുമാണ് ഇഷ്ടം.ബൈബിള്‍ വായന താല്പര്യമില്ലാത്ത വിഷയമാണ്.മറ്റു ചിലര്‍ എല്ലാ ആപ്പിന്‍റെയും കൂടെ ആക്കിയിരിക്കുകയാ ബൈബിള്‍.ആയതിനാല്‍ ഏകാഗ്രത ഇല്ലാത്ത വചന വായനയാണുള്ളത്.യിസ്രായേല്‍ രാജാക്കന്മാരുടെ പരാജയത്തിനു പ്രധാന കാരണം ദൈവത്തിന്‍റെ ന്യായപ്രമാണത്തിലുള്ള ഏകാഗ്രത ഇല്ലാഞ്ഞതിനാലാണ്.അതുനിമിത്തം ജനത്തെ പാപവഴികളില്‍ ആക്കി.ഇന്നത്തെ ചില വിശ്വാസികളുടെ സ്ഥിതിയും ഇതുപോലായിരിക്കുന്നു.ഏകാഗ്രതയില്ലാത്ത വചന വായന അവരെ പാപവഴികളിലേക്ക് നയിക്കുന്നു.ബൈബിള്‍ വായിക്കുന്നത് നിന്‍റെ മക്കള്‍ കാണുന്നുണ്ടോ?അതോ കൈയിലെ മോബൈലാണോ ദിവസവും കാണുന്നത്.ചിന്തിക്കൂ.നിന്‍റെ ബൈബിള്‍ എവിടെ?

Sunday, May 20, 2018

നല്ല  പ്രവൃത്തികള്‍ ചെയ്താല്‍ ഞാന്‍ മോക്ഷം പ്രാപിക്കുമോ?
യോഹന്നാന്‍ 6:28:29
28.അവര്‍ അവനോട് ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തികളെ  പ്രവൃത്തിക്കേണ്ടതിനു  ഞങ്ങള്‍ എന്തു ചെയ്യേണമെന്നു ചോദിച്ചു.29.യേശു അവരോടു: ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തി അവന്‍ അയച്ചവനില്‍ നിങ്ങള്‍ വിശ്വസിക്കുന്നതത്രെ എന്നുത്തരം പറഞ്ഞു.
സത്പ്രവൃത്തികള്‍ ചെയ്താല്‍ ദൈവത്തെ പ്രസാദിപ്പിക്കാം എന്ന് അവിടെ കൂടിയിരുന്ന ജനങ്ങള്‍ കരുതി ദൈവത്തോട് ചോദിക്കുന്ന ചോദ്യമാണ് നാം വായിച്ചത്.ഞാന്‍ ഒരിക്കല്‍ കുട്ടികളോട് ചോദിച്ചു.ദൈവപൈതങ്ങള്‍ ആകുവാന്‍ നാം എന്തു ചെയ്യണം എന്ന്.നല്ല പ്രവൃത്തികള്‍ ചെയ്താല്‍ മതി എന്നായിരുന്നു അവരുടെ മറുപടി.ഇന്നും മനുഷ്യര്‍ ഇത് തന്നെയാണ് പറയുന്നത്.നല്ല പ്രവൃത്തികള്‍ ഒരുവനെ രക്ഷിക്കുന്നു സ്വര്‍ഗത്തില്‍ എത്തിക്കുന്നു എന്ന്.പക്ഷെ അപ്രകാരം ഒരിക്കലും സംഭവിക്കില്ല എന്ന് യേശു പറയുന്നു.(വാ.29)അവന്‍ അയച്ചവനില്‍ നിങ്ങള്‍ വിശ്വസിക്കുക.അതാണ്‌ സ്വര്‍ഗത്തിലേക്കുള്ള വഴി.
(യോഹന്നാന്‍ 14:6.)
ഞാന്‍ തന്നെ വഴിയം സത്യവും ജീവനും ആകുന്നു.
ഏക മാര്‍ഗം ക്രിസ്തു മാത്രം.സഭയില്‍ ചേര്‍ന്നതുകൊണ്ടോ,ആചാരങ്ങള്‍ അനുഷ്ടിച്ചതുകൊണ്ടോ, നല്ലപ്രവൃത്തികള്‍ ചെയ്തതുകൊണ്ടോ ഒരുവന്‍ രക്ഷ പ്രാപിക്കുന്നില്ല.കര്‍ത്താവില്‍ വിശ്വസിച്ചു  ഹൃദയത്തില്‍ സ്വീകരിക്കുന്നവനെ മാത്രമെ ദൈവം തന്‍റെ മകള്‍/മകന്‍ ആയി അംഗീകരിക്കൂ എന്ന വചനം പറയുന്നു.സത്പ്രവൃത്തികള്‍ രക്ഷിക്കപ്പെട്ട ശേഷം തുടരുകയാണ് ചെയ്യേണ്ടത്.
യെശയ്യാവ് 64:6ല്‍‌ പറയുന്നു "ഞങ്ങളുടെ നീതിപ്രവൃത്തികള്‍ ഒക്കെയും കറപിരണ്ട തുണിപോലെ" എന്ന്.എത്ര നല്ലപോലെ അലക്കിയാലും കറ കളയാനായി എന്തെങ്കിലും ചെയ്തില്ല എങ്കില്‍ അതവിടെ ത്തന്നെ കാണുമല്ലോ.അതുപോലെയാണ് പാപക്കറ കഴുകിക്കളയാത്ത നല്ലപൃത്തികള്‍.കര്‍ത്താവില്‍ വിശ്വസിച്ചാല്‍ നിന്‍റെ പാപക്കറകള്‍ മായ്ച്ചു കളയും.അത് മാത്രമാണ് മോക്ഷത്തിനുള്ള ഏകമാര്‍ഗം.

Wednesday, May 16, 2018

ലോകരക്ഷകനായ  ക്രിസ്തു
                                                                       മര്‍ക്കോസ് 6:1-3
"1.അവന്‍ അവിടെനിന്നു പുറപ്പെട്ടു,തന്‍റെ പിതൃനഗരത്തില്‍ ചെന്നു;അവന്‍റെ ശിഷ്യന്മാരും അനുഗമിച്ചു.2.ശബ്ബത്തായപ്പോള്‍ അവന്‍ പള്ളിയില്‍ ഉപദേശിച്ചുതുടങ്ങി ;പലരും കേട്ടു വിസ്മയിച്ചു:ഇവനു  ഇവ എവിടെനിന്നു?ഇവനു കിട്ടിയ ഈ ജ്ഞാനവും ഇവന്‍റെ കൈയാല്‍ നടക്കുന്ന ഈ വീര്യപ്രവൃത്തികളും എന്ത്?3.ഇവന്‍ മറിയയുടെ മകനും യാക്കോബ്, യോസേ,യുദാ,ശിമോന്‍ എന്നവരുടെ സഹോദരനുമായ  തച്ചനല്ലയോ?ഇവന്‍റെ സഹോദരികളും ഇവിടെ നമ്മോടുകൂടെ ഇല്ലയോ എന്ന് പറഞ്ഞു അവങ്കല്‍ ഇടറിപ്പോയി." 

യേശുക്രിസ്തു വിനെ  മശിഹായായി അംഗീകരിക്കുവാന്‍ യെഹൂദന്മാര്‍ക്കു കഴിഞ്ഞില്ല.യോഹന്നാന്‍ സ്നാപകന്‍, "ഇതാ ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്" എന്ന വിളിച്ചു പറഞ്ഞിട്ടും (യോഹന്നാന്‍1:29) വിശ്വസിച്ചില്ല .അവരുടെ കാഴ്ച്ചപ്പാടു ഭൌതികമായിരുന്നു.ഹേ ഇവന്‍ ആ തച്ചന്‍റെ മകനല്ലെ. ഇവന്‍റെ അമ്മ ഇന്നാരല്ലെ?അവന്‍റെ സഹോദരന്മാരെ നമുക്കറിയാത്തവരല്ലല്ലോ, എന്നിങ്ങനെ പുച്ഛിച്ചു  നിന്ദിച്ചു.
ഇന്നത്തെ ലോകവും ഇതുപോല യേശുക്രിസ്തു ക്രിസ്ത്യാനികളുടെ ദൈവം എന്ന് പറഞ്ഞ് ക്രിസ്തുവിനെ മതനേതവായി  കാണുന്നു.അവന്‍ ലോകരക്ഷിതാവായ ക്രിസ്തു ആണെന്നത് വചനാധിഷ്ടിതവും ആണ്.ദൈവം അയച്ചവനും ലോകത്തെ പാപത്തില്‍നിന്നും രക്ഷിക്കുവാനും അവന്‍ ലോകത്തില്‍ വന്നു.
യോഹന്നാന്‍ 3:17 
ദൈവം തന്‍റെ പുത്രനെ ലോകത്തില്‍ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാല്‍ രക്ഷിക്കപ്പെടുവാനത്രെ.
ആരാണ് ക്രിസ്ത്യാനി? ക്രിസ്തുവിനെ സ്വന്തം രക്ഷിതാവും കര്‍ത്താവുമായി ഹൃദയത്തില്‍ സ്വീകരിച്ചവര്‍ മാത്രമാണ് ക്രിസ്ത്യാനി.അല്ലാത്തവര്‍ പേരില്‍ മാത്രമെ  ക്രിസ്ത്യാനി ഉള്ളു.ദൈവത്തിന്‍റെ രാജ്യത്തില്‍ അവനു യാതൊരു പങ്കും ലഭിക്കില്ല.
യോഹന്നാന്‍ 3:3
ആമേന്‍ ആമേന്‍ ഞാന്‍ നിന്നോടു പറയുന്നു:പുതുതായി ജനിച്ചില്ലായെങ്കില്‍ ദൈവരാജ്യം കാണ്മാന്‍ ആര്‍ക്കും കഴികയില്ല എന്നുത്തരം പറഞ്ഞു. 
(ഇതിന്‍റെ വിശദീകരണം ഞാന്‍ നേരത്തെ കൊടുത്തിട്ടുള്ളതു വായിക്കണം.)
യേശുക്രിസ്തു മതനേതാവല്ല.ക്രിസ്ത്യാനികളുടെ ദൈവവും അല്ല. മാനവജാതിയുടെ പാപ പരിഹാരം വരുത്തിയവനാണ്.അവനെ വിശ്വസിച്ചു സ്വീകരിക്കുന്നവരെല്ലാം അവന്‍റെ ജനമാണ്.യെഹൂദന്മാരുടെ ഈ ഹൃസ്വ ദൃഷ്ടി അവരെ കര്‍ത്താവിങ്കല്‍ ഇടറിപ്പോകുവാന്‍ ഇടയാക്കി.(മര്‍ക്കോസ്6:3.)അവനെ അനുസരിക്കുവാന്‍ മനസ്സില്ലാത്ത സങ്കുചിതമായ കാഴ്ച്ചപ്പാടില്‍ തങ്ങളുടെ രക്ഷകനെ തള്ളിക്കളഞ്ഞു.അവരുടെ അവിശ്വാസം ഹേതുവായി അവന്‍ ആശ്ചര്യപ്പെട്ടതായി വായിക്കുന്നു.
(മര്‍ക്കോസ്6:6) 
അവരുടെ അവിശ്വാസം ഹേതുവായി അവന്‍ ആശ്ചര്യപ്പെട്ടു.
അവിശ്വാസത്താല്‍ ഹൃദയം കഠിനപ്പെട്ടു പോയതിനാല്‍ അവര്‍ രക്ഷകനെ അംഗീകരിച്ചില്ല.നിങ്ങളുടെ അവസ്ഥ എങ്ങനെ?ഒന്നു പരിശോധിക്കൂ.ഹൃദയം കഠിനപ്പെട്ടിരിക്കുന്നുവോ?വിശ്വസിച്ചു രക്ഷ പ്രാപിക്കൂ.അവന്‍ ലോകരക്ഷിതാവായ ക്രിസ്തുവാണ്‌.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. 

Sunday, May 13, 2018

 ദൈവം നമുക്കായി ഒരുക്കിയ അതിമഹത്തായ രക്ഷ

ആദിമപിതാവായ ആദമിന്‍റെ  ദൈവകല്പനാലംഘനംമൂലം ഭൂമിയിൽ പാപം പ്രവേശിച്ചതിനാൽ (റോമ.5:12)മാനവജാതിക്ക് സ്വർഗ്ഗീയ അവകാശം നഷ്ടമായി.ദൈവകോപത്തിനിരയായി.തന്മൂലം സകല മാനവജാതികളും പാപത്തിൽ പിറന്നു.(സങ്കീ.51:5) ജഡത്തിൽ നിന്ന് ജനിച്ചതെല്ലാം ജഡം തന്നെയെന്ന് കർത്താവു പറഞ്ഞിരിക്കുന്നു(യോഹ.3:6)പാപം നീക്കി മോക്ഷം ലഭിക്കാനായി ദൈവം യേശുക്രിസ്തുവിലൂടെ രക്ഷ ഒരുക്കി.വീണ്ടുംജനിച്ചെങ്കിൽ മാത്രമേ ഈ രക്ഷ  ലഭ്യമാകൂ. എപ്രകാരം ഒന്നുകൂടി ജനിക്കാൻ കഴിയും? ഈ ചോദ്യം  നിക്കോദെമോസ് യേശുവിനോടു  ചോദിച്ചു. (യോഹ.3:1-21)വീണ്ടും ജനിക്കുക എന്നാൽ ആത്മാവിന്‍റെ  ജനനം പ്രാപിക്കുക എന്നതാണ്.ആത്മീയജനനം പ്രാപിപ്പാൻ ലോകപാപം വഹിച്ചു ക്രൂശിൽ യാഗമായിത്തീർന്ന യേശുക്രിസ്തുവിൽ വിശ്വസിച്ചാൽ മതി.(യോഹ.3:16).വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ രക്ഷിക്കപ്പെടാൻ കഴിയൂ.യേശുക്രിസ്തുവിലൂടെയല്ലാതെ മോക്ഷം പ്രാപിക്കാനുള്ള വഴിയില്ല.അതിനായി നേർച്ചകൾ നേരേണ്ട,തീർത്ഥാടനം നടത്തേണ്ട,പദയാത്ര പോകേണ്ട.റോമർ10:9,10ഇപ്രകാരം പറയുന്നു,യേശുവിനെ കർത്താവെന്നു വായികൊണ്ട് ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേൽപിച്ചു എന്നു ഹൃദയം കൊണ്ടു വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും.ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കും വായികൊണ്ടു രക്ഷക്കായി  ഏറ്റുപറകയും ചെയ്യുന്നു.വിശ്വസിച്ചാൽ നിത്യരാജ്യാവകാശി.അല്ലങ്കിൽ നിത്യശിക്ഷയ്ക്കു യോഗ്യൻ.ഇത്ര വിലയേറിയ രക്ഷയെ തന്‍റെ  ക്രൂശുമരണത്തിലൂടെ ഒരുക്കി സൗജന്യമായി നമുക്കു നൽകിയിരിക്കുമ്പോൾ നീ എന്തിനു വളഞ്ഞവഴികളിലൂടെ മോക്ഷം ലഭിക്കാൻ ഓടുന്നു.ഇപ്പോഴാകുന്നു സുപ്രസാദകാലം ഇപ്പോഴാകുന്നു രക്ഷാദിവസം(2കൊരി.6:2)സുപ്രസാദകാലം തീരാറായി.ദൈവക്രോധം ഭൂമിയിൽ വെളിപ്പെടും മുമ്പ് മാനസാന്തരപ്പെടൂ.എനിക്കും ഈ മഹത്തായ രക്ഷ ലഭിച്ചു.നിങ്ങള്‍ക്കും ലഭിക്കും.വിശ്വസിച്ചാല്‍.

Saturday, May 12, 2018

പരിശോധനകളുടെ നടുവില്‍ ഞാന്‍ ദൈവത്തിന്‍റെ അതുല്ല്യമായ സാമീപ്യവും സ്നേഹവും രുചിക്കുന്നു.
പരിശോധാനകളുടെ തീച്ചൂളയിലൂടെ കടന്നുപോയ ദാവീദ് തന്‍റെ ആശ്രയം മുഴുവനും കര്‍ത്താവിങ്കല്‍ ആക്കി.ആദ്യം ശൌല്‍ രാജാവുമൂലമുള്ള പീഡനങ്ങള്‍ ,പിന്നെ തന്‍റെ സ്വന്തം മക്കള്‍ ദൈവവഴികളില്‍ നടക്കാഞ്ഞതിലുള്ള മനോവ്യഥ,എല്ലാം  താന്‍ സഹിക്കുമ്പോളും ഈ ആശ്രയം താന്‍  കൈവിട്ടില്ല.ദാവീദിന്‍റെ സങ്കീര്‍ത്തനങ്ങള്‍ ഇന്നും  അനേകര്‍ വായിച്ച്  ദൈവത്തില്‍ ആശ്വാസം കാണുന്നു.
എന്നാല്‍ ആ രാത്രിയിലെ എന്‍റെ കരച്ചിലിന്‍റെയും, നിലവിളിയുടേയും,യാചനയുടേയും,കൂടെ ദൈവം എന്നെ മുറുകെപ്പിടിച്ചിട്ടുണ്ടായിരുന്നു.കാരണംഎന്‍റെ ദുഃഖത്തിന്‍റെ ആഴം കര്‍ത്താവറിഞ്ഞു.കണ്ണുനീരിന്‍ താഴ്വരയില്‍ ഞാന്‍ ആയിരുന്നപ്പോള്‍  ആശ്വാസവചനങ്ങള്‍ കര്‍ത്താവെനിക്ക് തന്നു.മലാഖി3:3.എന്നെ ശുദ്ധീകരിക്കുമ്പോള്‍ ഞാന്‍ ഒറ്റയ്ക്കല്ല അവന്‍ എന്‍റെ കൂടെ ഉണ്ടായിരുന്നു.ഇപ്പോള്‍ ഈ സമയത്ത് അവന്‍ എന്നെ സ്നേഹിച്ചുകൊണ്ട്  എന്നെ ഉറ്റുനോക്കി തകര്‍ക്കാതെ എന്നോട് കൂടെ ഉണ്ട്എന്‍റെ സമീപെ ഉണ്ടെന്ന്‍ അവന്‍ എന്നോടു പറഞ്ഞു.കര്‍ത്താവേ അങ്ങിവിടെ ഉണ്ടായിരുന്നെങ്കില്‍.........പിന്നെയും ഞാന്‍ പറഞ്ഞു.മകളെ വിശ്വസിച്ചാല്‍ നീ ദൈവത്തിന്‍റെ മഹത്വം കാണുമെന്ന്‍ കര്‍ത്താവെന്നോടു  പറഞ്ഞു.അങ്ങനെ ഞാന്‍ ഉറങ്ങി.രാവിലെ ഞാന്‍ ഉണര്‍ന്നപ്പോള്‍ കര്‍ത്താവിന്‍റെ മുഖം ദര്‍ശിച്ചു..സ്തോത്രം,ആമേന്‍.