Thursday, June 14, 2018

വിശ്വാസിയേ നിന്‍റെ  ബൈബിൾ എവിടെ?
                      ഇന്ന് ഈ  ചോദ്യം ഓരോ വിശ്വാസിയോടും ചോദിക്കേണ്ട കാലഘട്ടം ആയിരിക്കുന്നു. കാരണം അത്രമാത്രം ബൈബിള്‍ വായന ഇന്ന്‍ വിശ്വാസിയുടെ ജീവിതത്തില്‍ നിന്ന്‍ അകന്നു പോയിരിക്കുന്നു.
                 2രാജാക്കന്മാര്‍ 22,23 അധ്യായങ്ങള്‍ ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.ഈ 2 അധ്യായങ്ങള്‍ മുഴുവന്‍ ഇവിടെ എഴുതുക അസാധ്യമാണ്.എന്നാല്‍ ചില പ്രസക്തഭാഗങ്ങള്‍ വഴിയെ എഴുതാം.പഴയനിയമ കാലഘട്ടത്തിലെ യിസ്രായേല്‍ ചരിത്രത്തില്‍ വിവിധ രാജവാഴ്ച്ചകളിലൂടെ കടന്നുപോയ ഇസ്രായേല്‍ ദൈവത്തില്‍നിന്നു വളരെയധികം അകന്നു പോയിരുന്നു.എന്നാല്‍ ഇടയ്ക്കിടയ്ക്ക് ചില ആത്മീയ നേതൃത്വങ്ങള്‍ ഉണ്ടാകുകയും യിസ്രായേലില്‍ ഒരു തിരിച്ചുവരവ്‌ കാണുകയും ചെയ്തു.പക്ഷെ വളരെ പെട്ടെന്ന് തന്നെ വീണ്ടും വിഗ്രഹാരാധനയിലേക്ക് തിരിയുകയും ചെയ്തു.
എന്നാല്‍ യോശീയാവ് (ആമോന്‍റെ മകന്‍)2രാജ.21:25,26ആമോന്‍ ചെയ്ത മറ്റുള്ള വൃത്താന്തങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.ഉസ്സയുടെ തോട്ടത്തിലെ അവന്‍റെ കല്ലറയില്‍ അവനെ അടക്കം ചെയ്തു.അവന്‍റെ മകനായ യോശീയാവ് അവന്നുപകരം രാജാവായി   എന്നൊരു യെഹൂദാരാജാവിന്‍റെ ഭരണകാലഘട്ടം ഒരു ആത്മീയ നവീകരണകാലം തന്നെ ആയിരുന്നു.വിഗ്രഹാരാധനയ്ക്കെതിരെ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കയും ജനങ്ങളെ ദൈവത്തിങ്കലേക്കു തിരിയുവാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.എട്ടു വയസ്സുള്ളപ്പോള്‍ ആണ് രാജാവായത് എന്നതും ഇരുപത്തിയാറ് വയസ്സുള്ളപ്പോളാണ് ദൈവാലയത്തിന്‍റെ ശുദ്ധീകരണവും,നവീകരണവും ആരംഭിച്ചത് എന്നതും അതിനായിട്ടുള്ള തന്‍റെ ധീരമായ ഓരോ ചുവടു വയ്പ്പുകളും നമ്മെ അതിശയിപ്പിക്കുന്നതാണ്.ഇത്തരം ആത്മീയ ധീരരായ,വീരരായ  ആത്മീയ യുവതീ യുവാക്കള്‍ നമ്മുടെ ഇടയില്‍ എഴുനേല്‍ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
2രാജ.22:1,3 
  1.യോശീയാവു വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു എട്ടു വയസ്സായിരുന്നു.........3.യോശീയാരാജാവിന്‍റെ പതിനെട്ടാം ആണ്ടില്‍ രാജാവു മെശുല്ലാമിന്‍റെ മകനായ അസല്ല്യാവിന്‍റെ മകനായ ശാഫാന്‍ എന്ന രായസക്കാരനെ യാഹോവയുടെ ആലയത്തിലേക്കു അയച്ചു പറഞ്ഞതെന്തെന്നാല്‍: 
ഈ പ്രവര്‍ത്തനത്തിന്‍റെ ഫലമായിട്ടാണ് ജനങ്ങള്‍ മറന്നുകളഞ്ഞ ന്യായപ്രമാണപുസ്തകം കണ്ടെടുക്കാന്‍ ഇടയായത്.
 2രാജാ.22:8,10,11
8.മഹാപുരിഹിതനായ ഹില്ക്കീയാവു രായസക്കാരനായ ശഫാനോട്:ഞാന്‍ ന്യായപ്രമാണ  പുസ്തകം യാഹോവുടെ ആലയത്തില്‍ കണ്ടെത്തിയിരിക്കുന്നു എന്ന് പറഞ്ഞു.ഹില്ക്കീയാവു ആ പുസ്തകം ശാഫാന്‍റെ  കൈയില്‍ കൊടുത്തു;അവന്‍ അത് വായിച്ചു.10.ഹില്ക്കീയ പുരോഹിതന്‍ എന്‍റെ കൈയില്‍ ഒരു പുസ്തകം തന്നു എന്നും രായസക്കാരനായ ശാഫാന്‍ രാജാവിനോടു ബോധിപ്പിച്ചു.ശാഫാന്‍ അതു രാജസന്നിധിയില്‍ വായിച്ചു കേള്‍പ്പിച്ചു. 11.രാജാവു ന്യായപ്രമാണ  പുസ്തകത്തിലെ വാക്യങ്ങള്‍ കേട്ടിട്ടു വസ്ത്രം കീറി.
(വസ്ത്രം കീറുന്നത് തന്നെത്താന്‍ താഴ്തുന്നതിന്‍റെയും ദുഃഖത്തിന്‍റെയും  പ്രതീകമായിട്ടാണ് ചെയ്യുന്നത്)പുരോഹിതന്‍ പുസ്തകം കണ്ടെടുത്തു ,സെക്രട്ടറി വായിച്ചു,രാജാവിനെ വായിച്ചു  കേള്‍പ്പിച്ചു,രാജാവ് തന്നെത്തന്നെ ദൈവസന്നിധിയില്‍ താഴ്ത്തി സമര്‍പ്പിച്ചു.മാത്രമല്ല രാജാവു ഒരു വിശുദ്ധ സഭായോഗം വിളിച്ചുകൂട്ടി ജനങ്ങളെ മുഴുവനും പുസ്തകം വായിച്ചു കേള്‍പ്പിച്ചു.
 2രാജാ.23:1,2,3
അനന്തരം രാജാവു ആളയച്ചു;അവര്‍ യെഹൂദയിലും യെരുശലേമിലുമുള്ള എല്ലാ മൂപ്പന്മാരെയും അവന്‍റെ അടുക്കല്‍ കൂട്ടിവരുത്തി.രാജാവും എല്ലാ യെഹൂദാപുരുഷന്മാരും യെരുശലേമിലെ  സകലനിവാസികളും പുരോഹിതന്മാരും പ്രവാചകന്മാരും  ആബാലവൃദ്ധം ജനമൊക്കേയും  യഹോവയുടെ ആലയത്തിലേക്കു ചെന്നു;യഹോവയുടെ  ആലയത്തില്‍വെച്ചു  കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ  വാക്യങ്ങളെയെല്ലാം അവര്‍ കേള്‍ക്കെ അവന്‍ വായിച്ചു.
രക്ഷിക്കപ്പെട്ട ഓരോ വിശ്വാസിയും ദൈവത്തിന്‍റെ  രാജാവും, പുരോഹിതനും, സെക്രെട്ടറിയും ആണല്ലോ.എങ്കില്‍ നാം എപ്രകാരം ആയിരിക്കണം എന്ന് മനസിലായല്ലോ.  പിന്നീട് താന്‍ തന്നെ  ഈ പ്രമാണങ്ങളൊക്കെ അനുസരിക്കുമെന്നു ദൈവമുമ്പാകെ ഉടമ്പടി ചെയ്തു.ജനവും ഇതുപോലെ ഉടമ്പടി ചെയ്തു.
2രാജാ.23:3
രാജാവു തൂണിന്നരികെ നിന്നുംകൊണ്ടു താന്‍ യെഹോവയെ അനുസരിച്ചുനടക്കയും  അവന്‍റെ കല്‍പ്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടെ പ്രമാണിക്കയും ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന നിയമത്തിന്‍റെ വാക്യങ്ങള്‍ നിവര്‍ത്തിക്കയും ചെയ്യുമെന്ന് യെഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു.ജനമൊക്കെയും  ഈ നിയമത്തില്‍ യോജിച്ചു.
ഇപ്രകാരം മാതൃകയുള്ള  സഭാനേതാക്കന്മാരാണ് ഇന്നുണ്ടാകേണ്ടത്.എങ്കിലെ ദൈവജനങ്ങള്‍ യഥാസ്ഥാനപ്പെടൂ.ഇന്ന് ചില വിശ്വാസികള്‍ക്ക് ബൈബിള്‍ വായിക്കാനാണ്  സമയം കിട്ടാത്തത്.മറ്റെല്ലാ കാര്യങ്ങള്‍ക്കും സമയമുണ്ട്.ഒന്നും  മാറ്റിവയ്ക്കത്തുമില്ല.ദൈവം നമുക്കു തന്നിട്ടുള്ള പ്രധാന 2 ഉപാധികളാണ് സമയവും,പണവും.ഇവ ദൈവനാമമഹത്വതിനായി ഉപയോഗിക്കുന്നതില്‍ എത്രമാത്രം വിശ്വസ്തത പുലര്‍ത്തുന്നുണ്ട് എന്നുള്ളത് അവന്‍റെ മുമ്പാകെ നാം തീര്‍ച്ചയായും കണക്കു കൊടുക്കണം.സമയത്തെ നിങ്ങള്‍ വചന വായന, ധ്യാനം, പ്രാര്‍ത്ഥന,കുടുംബപ്രാര്‍ത്ഥന ഇവയ്ക്കായി എത്രമാത്രം നീക്കി വെച്ചിട്ടുണ്ട്?.ഇന്ന്‍ ബൈബിള്‍ വായന പാഴ്പ്രവൃത്തിയായും പുച്ഛത്തോടും,  പരിഹാസത്തോടും  കാണുകയും ചെയ്യുന്നു.ഫെയ്സ്ബുക്കില്‍ ലൈക്കടിക്കാനും,വാട്സാപ്പില്‍ മെസ്സേജ്,വീഡിയോ ഇടാനുമാണ് ഇഷ്ടം.ബൈബിള്‍ വായന താല്പര്യമില്ലാത്ത വിഷയമാണ്.മറ്റു ചിലര്‍ എല്ലാ ആപ്പിന്‍റെയും കൂടെ ആക്കിയിരിക്കുകയാ ബൈബിള്‍.ആയതിനാല്‍ ഏകാഗ്രത ഇല്ലാത്ത വചന വായനയാണുള്ളത്.യിസ്രായേല്‍ രാജാക്കന്മാരുടെ പരാജയത്തിനു പ്രധാന കാരണം ദൈവത്തിന്‍റെ ന്യായപ്രമാണത്തിലുള്ള ഏകാഗ്രത ഇല്ലാഞ്ഞതിനാലാണ്.അതുനിമിത്തം ജനത്തെ പാപവഴികളില്‍ ആക്കി.ഇന്നത്തെ ചില വിശ്വാസികളുടെ സ്ഥിതിയും ഇതുപോലായിരിക്കുന്നു.ഏകാഗ്രതയില്ലാത്ത വചന വായന അവരെ പാപവഴികളിലേക്ക് നയിക്കുന്നു.ബൈബിള്‍ വായിക്കുന്നത് നിന്‍റെ മക്കള്‍ കാണുന്നുണ്ടോ?അതോ കൈയിലെ മോബൈലാണോ ദിവസവും കാണുന്നത്.ചിന്തിക്കൂ.നിന്‍റെ ബൈബിള്‍ എവിടെ?

No comments:

Post a Comment