Sunday, May 20, 2018

നല്ല  പ്രവൃത്തികള്‍ ചെയ്താല്‍ ഞാന്‍ മോക്ഷം പ്രാപിക്കുമോ?
യോഹന്നാന്‍ 6:28:29
28.അവര്‍ അവനോട് ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തികളെ  പ്രവൃത്തിക്കേണ്ടതിനു  ഞങ്ങള്‍ എന്തു ചെയ്യേണമെന്നു ചോദിച്ചു.29.യേശു അവരോടു: ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തി അവന്‍ അയച്ചവനില്‍ നിങ്ങള്‍ വിശ്വസിക്കുന്നതത്രെ എന്നുത്തരം പറഞ്ഞു.
സത്പ്രവൃത്തികള്‍ ചെയ്താല്‍ ദൈവത്തെ പ്രസാദിപ്പിക്കാം എന്ന് അവിടെ കൂടിയിരുന്ന ജനങ്ങള്‍ കരുതി ദൈവത്തോട് ചോദിക്കുന്ന ചോദ്യമാണ് നാം വായിച്ചത്.ഞാന്‍ ഒരിക്കല്‍ കുട്ടികളോട് ചോദിച്ചു.ദൈവപൈതങ്ങള്‍ ആകുവാന്‍ നാം എന്തു ചെയ്യണം എന്ന്.നല്ല പ്രവൃത്തികള്‍ ചെയ്താല്‍ മതി എന്നായിരുന്നു അവരുടെ മറുപടി.ഇന്നും മനുഷ്യര്‍ ഇത് തന്നെയാണ് പറയുന്നത്.നല്ല പ്രവൃത്തികള്‍ ഒരുവനെ രക്ഷിക്കുന്നു സ്വര്‍ഗത്തില്‍ എത്തിക്കുന്നു എന്ന്.പക്ഷെ അപ്രകാരം ഒരിക്കലും സംഭവിക്കില്ല എന്ന് യേശു പറയുന്നു.(വാ.29)അവന്‍ അയച്ചവനില്‍ നിങ്ങള്‍ വിശ്വസിക്കുക.അതാണ്‌ സ്വര്‍ഗത്തിലേക്കുള്ള വഴി.
(യോഹന്നാന്‍ 14:6.)
ഞാന്‍ തന്നെ വഴിയം സത്യവും ജീവനും ആകുന്നു.
ഏക മാര്‍ഗം ക്രിസ്തു മാത്രം.സഭയില്‍ ചേര്‍ന്നതുകൊണ്ടോ,ആചാരങ്ങള്‍ അനുഷ്ടിച്ചതുകൊണ്ടോ, നല്ലപ്രവൃത്തികള്‍ ചെയ്തതുകൊണ്ടോ ഒരുവന്‍ രക്ഷ പ്രാപിക്കുന്നില്ല.കര്‍ത്താവില്‍ വിശ്വസിച്ചു  ഹൃദയത്തില്‍ സ്വീകരിക്കുന്നവനെ മാത്രമെ ദൈവം തന്‍റെ മകള്‍/മകന്‍ ആയി അംഗീകരിക്കൂ എന്ന വചനം പറയുന്നു.സത്പ്രവൃത്തികള്‍ രക്ഷിക്കപ്പെട്ട ശേഷം തുടരുകയാണ് ചെയ്യേണ്ടത്.
യെശയ്യാവ് 64:6ല്‍‌ പറയുന്നു "ഞങ്ങളുടെ നീതിപ്രവൃത്തികള്‍ ഒക്കെയും കറപിരണ്ട തുണിപോലെ" എന്ന്.എത്ര നല്ലപോലെ അലക്കിയാലും കറ കളയാനായി എന്തെങ്കിലും ചെയ്തില്ല എങ്കില്‍ അതവിടെ ത്തന്നെ കാണുമല്ലോ.അതുപോലെയാണ് പാപക്കറ കഴുകിക്കളയാത്ത നല്ലപൃത്തികള്‍.കര്‍ത്താവില്‍ വിശ്വസിച്ചാല്‍ നിന്‍റെ പാപക്കറകള്‍ മായ്ച്ചു കളയും.അത് മാത്രമാണ് മോക്ഷത്തിനുള്ള ഏകമാര്‍ഗം.

Wednesday, May 16, 2018

ലോകരക്ഷകനായ  ക്രിസ്തു
                                                                       മര്‍ക്കോസ് 6:1-3
"1.അവന്‍ അവിടെനിന്നു പുറപ്പെട്ടു,തന്‍റെ പിതൃനഗരത്തില്‍ ചെന്നു;അവന്‍റെ ശിഷ്യന്മാരും അനുഗമിച്ചു.2.ശബ്ബത്തായപ്പോള്‍ അവന്‍ പള്ളിയില്‍ ഉപദേശിച്ചുതുടങ്ങി ;പലരും കേട്ടു വിസ്മയിച്ചു:ഇവനു  ഇവ എവിടെനിന്നു?ഇവനു കിട്ടിയ ഈ ജ്ഞാനവും ഇവന്‍റെ കൈയാല്‍ നടക്കുന്ന ഈ വീര്യപ്രവൃത്തികളും എന്ത്?3.ഇവന്‍ മറിയയുടെ മകനും യാക്കോബ്, യോസേ,യുദാ,ശിമോന്‍ എന്നവരുടെ സഹോദരനുമായ  തച്ചനല്ലയോ?ഇവന്‍റെ സഹോദരികളും ഇവിടെ നമ്മോടുകൂടെ ഇല്ലയോ എന്ന് പറഞ്ഞു അവങ്കല്‍ ഇടറിപ്പോയി." 

യേശുക്രിസ്തു വിനെ  മശിഹായായി അംഗീകരിക്കുവാന്‍ യെഹൂദന്മാര്‍ക്കു കഴിഞ്ഞില്ല.യോഹന്നാന്‍ സ്നാപകന്‍, "ഇതാ ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്" എന്ന വിളിച്ചു പറഞ്ഞിട്ടും (യോഹന്നാന്‍1:29) വിശ്വസിച്ചില്ല .അവരുടെ കാഴ്ച്ചപ്പാടു ഭൌതികമായിരുന്നു.ഹേ ഇവന്‍ ആ തച്ചന്‍റെ മകനല്ലെ. ഇവന്‍റെ അമ്മ ഇന്നാരല്ലെ?അവന്‍റെ സഹോദരന്മാരെ നമുക്കറിയാത്തവരല്ലല്ലോ, എന്നിങ്ങനെ പുച്ഛിച്ചു  നിന്ദിച്ചു.
ഇന്നത്തെ ലോകവും ഇതുപോല യേശുക്രിസ്തു ക്രിസ്ത്യാനികളുടെ ദൈവം എന്ന് പറഞ്ഞ് ക്രിസ്തുവിനെ മതനേതവായി  കാണുന്നു.അവന്‍ ലോകരക്ഷിതാവായ ക്രിസ്തു ആണെന്നത് വചനാധിഷ്ടിതവും ആണ്.ദൈവം അയച്ചവനും ലോകത്തെ പാപത്തില്‍നിന്നും രക്ഷിക്കുവാനും അവന്‍ ലോകത്തില്‍ വന്നു.
യോഹന്നാന്‍ 3:17 
ദൈവം തന്‍റെ പുത്രനെ ലോകത്തില്‍ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാല്‍ രക്ഷിക്കപ്പെടുവാനത്രെ.
ആരാണ് ക്രിസ്ത്യാനി? ക്രിസ്തുവിനെ സ്വന്തം രക്ഷിതാവും കര്‍ത്താവുമായി ഹൃദയത്തില്‍ സ്വീകരിച്ചവര്‍ മാത്രമാണ് ക്രിസ്ത്യാനി.അല്ലാത്തവര്‍ പേരില്‍ മാത്രമെ  ക്രിസ്ത്യാനി ഉള്ളു.ദൈവത്തിന്‍റെ രാജ്യത്തില്‍ അവനു യാതൊരു പങ്കും ലഭിക്കില്ല.
യോഹന്നാന്‍ 3:3
ആമേന്‍ ആമേന്‍ ഞാന്‍ നിന്നോടു പറയുന്നു:പുതുതായി ജനിച്ചില്ലായെങ്കില്‍ ദൈവരാജ്യം കാണ്മാന്‍ ആര്‍ക്കും കഴികയില്ല എന്നുത്തരം പറഞ്ഞു. 
(ഇതിന്‍റെ വിശദീകരണം ഞാന്‍ നേരത്തെ കൊടുത്തിട്ടുള്ളതു വായിക്കണം.)
യേശുക്രിസ്തു മതനേതാവല്ല.ക്രിസ്ത്യാനികളുടെ ദൈവവും അല്ല. മാനവജാതിയുടെ പാപ പരിഹാരം വരുത്തിയവനാണ്.അവനെ വിശ്വസിച്ചു സ്വീകരിക്കുന്നവരെല്ലാം അവന്‍റെ ജനമാണ്.യെഹൂദന്മാരുടെ ഈ ഹൃസ്വ ദൃഷ്ടി അവരെ കര്‍ത്താവിങ്കല്‍ ഇടറിപ്പോകുവാന്‍ ഇടയാക്കി.(മര്‍ക്കോസ്6:3.)അവനെ അനുസരിക്കുവാന്‍ മനസ്സില്ലാത്ത സങ്കുചിതമായ കാഴ്ച്ചപ്പാടില്‍ തങ്ങളുടെ രക്ഷകനെ തള്ളിക്കളഞ്ഞു.അവരുടെ അവിശ്വാസം ഹേതുവായി അവന്‍ ആശ്ചര്യപ്പെട്ടതായി വായിക്കുന്നു.
(മര്‍ക്കോസ്6:6) 
അവരുടെ അവിശ്വാസം ഹേതുവായി അവന്‍ ആശ്ചര്യപ്പെട്ടു.
അവിശ്വാസത്താല്‍ ഹൃദയം കഠിനപ്പെട്ടു പോയതിനാല്‍ അവര്‍ രക്ഷകനെ അംഗീകരിച്ചില്ല.നിങ്ങളുടെ അവസ്ഥ എങ്ങനെ?ഒന്നു പരിശോധിക്കൂ.ഹൃദയം കഠിനപ്പെട്ടിരിക്കുന്നുവോ?വിശ്വസിച്ചു രക്ഷ പ്രാപിക്കൂ.അവന്‍ ലോകരക്ഷിതാവായ ക്രിസ്തുവാണ്‌.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. 

Sunday, May 13, 2018

 ദൈവം നമുക്കായി ഒരുക്കിയ അതിമഹത്തായ രക്ഷ

ആദിമപിതാവായ ആദമിന്‍റെ  ദൈവകല്പനാലംഘനംമൂലം ഭൂമിയിൽ പാപം പ്രവേശിച്ചതിനാൽ (റോമ.5:12)മാനവജാതിക്ക് സ്വർഗ്ഗീയ അവകാശം നഷ്ടമായി.ദൈവകോപത്തിനിരയായി.തന്മൂലം സകല മാനവജാതികളും പാപത്തിൽ പിറന്നു.(സങ്കീ.51:5) ജഡത്തിൽ നിന്ന് ജനിച്ചതെല്ലാം ജഡം തന്നെയെന്ന് കർത്താവു പറഞ്ഞിരിക്കുന്നു(യോഹ.3:6)പാപം നീക്കി മോക്ഷം ലഭിക്കാനായി ദൈവം യേശുക്രിസ്തുവിലൂടെ രക്ഷ ഒരുക്കി.വീണ്ടുംജനിച്ചെങ്കിൽ മാത്രമേ ഈ രക്ഷ  ലഭ്യമാകൂ. എപ്രകാരം ഒന്നുകൂടി ജനിക്കാൻ കഴിയും? ഈ ചോദ്യം  നിക്കോദെമോസ് യേശുവിനോടു  ചോദിച്ചു. (യോഹ.3:1-21)വീണ്ടും ജനിക്കുക എന്നാൽ ആത്മാവിന്‍റെ  ജനനം പ്രാപിക്കുക എന്നതാണ്.ആത്മീയജനനം പ്രാപിപ്പാൻ ലോകപാപം വഹിച്ചു ക്രൂശിൽ യാഗമായിത്തീർന്ന യേശുക്രിസ്തുവിൽ വിശ്വസിച്ചാൽ മതി.(യോഹ.3:16).വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ രക്ഷിക്കപ്പെടാൻ കഴിയൂ.യേശുക്രിസ്തുവിലൂടെയല്ലാതെ മോക്ഷം പ്രാപിക്കാനുള്ള വഴിയില്ല.അതിനായി നേർച്ചകൾ നേരേണ്ട,തീർത്ഥാടനം നടത്തേണ്ട,പദയാത്ര പോകേണ്ട.റോമർ10:9,10ഇപ്രകാരം പറയുന്നു,യേശുവിനെ കർത്താവെന്നു വായികൊണ്ട് ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേൽപിച്ചു എന്നു ഹൃദയം കൊണ്ടു വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും.ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കും വായികൊണ്ടു രക്ഷക്കായി  ഏറ്റുപറകയും ചെയ്യുന്നു.വിശ്വസിച്ചാൽ നിത്യരാജ്യാവകാശി.അല്ലങ്കിൽ നിത്യശിക്ഷയ്ക്കു യോഗ്യൻ.ഇത്ര വിലയേറിയ രക്ഷയെ തന്‍റെ  ക്രൂശുമരണത്തിലൂടെ ഒരുക്കി സൗജന്യമായി നമുക്കു നൽകിയിരിക്കുമ്പോൾ നീ എന്തിനു വളഞ്ഞവഴികളിലൂടെ മോക്ഷം ലഭിക്കാൻ ഓടുന്നു.ഇപ്പോഴാകുന്നു സുപ്രസാദകാലം ഇപ്പോഴാകുന്നു രക്ഷാദിവസം(2കൊരി.6:2)സുപ്രസാദകാലം തീരാറായി.ദൈവക്രോധം ഭൂമിയിൽ വെളിപ്പെടും മുമ്പ് മാനസാന്തരപ്പെടൂ.എനിക്കും ഈ മഹത്തായ രക്ഷ ലഭിച്ചു.നിങ്ങള്‍ക്കും ലഭിക്കും.വിശ്വസിച്ചാല്‍.

Saturday, May 12, 2018

പരിശോധനകളുടെ നടുവില്‍ ഞാന്‍ ദൈവത്തിന്‍റെ അതുല്ല്യമായ സാമീപ്യവും സ്നേഹവും രുചിക്കുന്നു.
പരിശോധാനകളുടെ തീച്ചൂളയിലൂടെ കടന്നുപോയ ദാവീദ് തന്‍റെ ആശ്രയം മുഴുവനും കര്‍ത്താവിങ്കല്‍ ആക്കി.ആദ്യം ശൌല്‍ രാജാവുമൂലമുള്ള പീഡനങ്ങള്‍ ,പിന്നെ തന്‍റെ സ്വന്തം മക്കള്‍ ദൈവവഴികളില്‍ നടക്കാഞ്ഞതിലുള്ള മനോവ്യഥ,എല്ലാം  താന്‍ സഹിക്കുമ്പോളും ഈ ആശ്രയം താന്‍  കൈവിട്ടില്ല.ദാവീദിന്‍റെ സങ്കീര്‍ത്തനങ്ങള്‍ ഇന്നും  അനേകര്‍ വായിച്ച്  ദൈവത്തില്‍ ആശ്വാസം കാണുന്നു.
എന്നാല്‍ ആ രാത്രിയിലെ എന്‍റെ കരച്ചിലിന്‍റെയും, നിലവിളിയുടേയും,യാചനയുടേയും,കൂടെ ദൈവം എന്നെ മുറുകെപ്പിടിച്ചിട്ടുണ്ടായിരുന്നു.കാരണംഎന്‍റെ ദുഃഖത്തിന്‍റെ ആഴം കര്‍ത്താവറിഞ്ഞു.കണ്ണുനീരിന്‍ താഴ്വരയില്‍ ഞാന്‍ ആയിരുന്നപ്പോള്‍  ആശ്വാസവചനങ്ങള്‍ കര്‍ത്താവെനിക്ക് തന്നു.മലാഖി3:3.എന്നെ ശുദ്ധീകരിക്കുമ്പോള്‍ ഞാന്‍ ഒറ്റയ്ക്കല്ല അവന്‍ എന്‍റെ കൂടെ ഉണ്ടായിരുന്നു.ഇപ്പോള്‍ ഈ സമയത്ത് അവന്‍ എന്നെ സ്നേഹിച്ചുകൊണ്ട്  എന്നെ ഉറ്റുനോക്കി തകര്‍ക്കാതെ എന്നോട് കൂടെ ഉണ്ട്എന്‍റെ സമീപെ ഉണ്ടെന്ന്‍ അവന്‍ എന്നോടു പറഞ്ഞു.കര്‍ത്താവേ അങ്ങിവിടെ ഉണ്ടായിരുന്നെങ്കില്‍.........പിന്നെയും ഞാന്‍ പറഞ്ഞു.മകളെ വിശ്വസിച്ചാല്‍ നീ ദൈവത്തിന്‍റെ മഹത്വം കാണുമെന്ന്‍ കര്‍ത്താവെന്നോടു  പറഞ്ഞു.അങ്ങനെ ഞാന്‍ ഉറങ്ങി.രാവിലെ ഞാന്‍ ഉണര്‍ന്നപ്പോള്‍ കര്‍ത്താവിന്‍റെ മുഖം ദര്‍ശിച്ചു..സ്തോത്രം,ആമേന്‍.